Madavoorpara Rock Cave Temple History
Madavoorpara Rock Cave Temple History
മഠവൂര്‍പാറ ഗുഹാക്ഷേത്രവും ചരിത്രവും................
തിരുവനതപുരം - ചെമ്പഴന്തി പോത്തെന്കൊട് റോഡിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു ഗുഹാക്ഷേത്രമാണ് മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം.
കേരളത്തിലെ ഗുഹാക്ഷേത്രങ്ങളില്‍ വളരെയധികം പ്രത്യേകതകള്‍ ഉള്ളതാണ് തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം – പോത്തന്‍കോട് റൂട്ടില്‍ ശാസ്തവട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം. ഏത് കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഇതുവരെ ആധികാരികമായി തെളിവുകള്‍ ഒന്നുമില്ല. ഭീമാകാരമായ ഈ പാറയുടെ അടിഭാഗത്ത് നിന്ന് ഏകദേശം നാല്‍പ്പത് അടിയോളം കരിങ്കല്‍ പടികള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് എത്താം.
പതിനാറ് അടി നീളവും ഏഴ് അടി വീതിയും ഉള്ള ഈ തിരുമുറ്റത്ത് നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. പാറയുടെ ഉള്ളിലേക്ക് ഏകദേശം അത്ര തന്നെ വിസ്താരത്തില്‍ പാറ തുരന്നു നിര്‍മ്മിച്ച ഒരു ഇടനാഴിയുണ്ട്. ഈ ഇടനാഴിയുടെ വലത് ഭിത്തിയില്‍ പാറയില്‍ ശ്രീമഹാഗണപതിയുടെ വിഗ്രഹം രേഖാചിത്രം പോലെ കൊത്തിവച്ചിട്ടുണ്ട്. ഇടനാഴിയുടെ ഇടത്തേ ഭിത്തിയില്‍ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം കൊത്തിവച്ചിട്ടുണ്ട്. ഈ വിഗ്രഹവും വ്യക്തമായി തെളിഞ്ഞിട്ടില്ല. ഇടനാഴിയും കടന്നു ഉള്ളിലായി പാറതുരന്ന് ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നു. ശ്രീ കോവിലിലേക്ക് കടക്കുന്ന വാതിലിന്റെ ഇരുവശവും ദ്വാരപാലകന്മാരുടെ വിഗ്രഹങ്ങളും കല്ലില്‍ കൊത്തി വച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ മധ്യഭാഗത്തായി ശിവലിംഗവും പീഠവും ദര്‍ശിക്കാം.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് ചെമ്പഴന്തിപിള്ളമാരെ ഉന്മൂലനം ചെയ്യുന്നതിനായി മഹാരാജാവ് സൈന്യസമേതം മഠവൂര്‍പാറയില്‍ തമ്പടിച്ചിരുന്നതായും അതിന് സഹായമായി വര്‍ത്തിച്ച കളരികുറുപ്പായ പള്ളിക്കല്‍ കുടുംബക്കാരായ പോത്തുകാട്ടില്‍ (പോത്തന്‍കോട്) ശ്രീകൃഷ്ണകുറുപ്പിന് ആയിരം പറ നിലവും ആയിരം ഏക്കര്‍ കരഭൂമിയും കരമൊഴിവായി കൊടുത്തതായും ചരിത്രം പറയുന്നു .
ഭീമാകാരമായ ഒരു പാറയുടെ മുകള്ഭാഗം തുരന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. പൂര്‍വിക കാലത്തു യോഗിവര്യന്മാര് തപസ്സിരിക്കാന്‍ ഉപയോഗിച്ച ശിലാപീഠം കാണാം. ശ്രീ പരമഭട്ടാര ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ശ്രീരാമദാസ ആശ്രമ ആചാര്യന് നീലകണ്ഠഗുരുപാദരും ഇവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ട് എന്ന് പ്രായം ചെന്ന ഭക്തര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.ശിവലിംഗ പ്രതിഷ്ഠയുടെ പുറകുഭാഗത്ത് ഉള്ളിലായി മറ്റൊരു ഗുഹ കൂടിയുണ്ടെന്നും അതിലേക്ക് കടക്കുവാനായി ഒരു ശിലാവാതില് ഉണ്ടെന്നും, അത് തുറക്കുവാനും അടക്കുവാനും ചിലയിനം പച്ചിലകള്‍ ഉപയോഗിച്ചിരുന്നതായും കേട്ടുകേള്‍വിയുണ്ട്. ആ ഗുഹയില്‍ പതിനെട്ടു യോഗിവര്യന്മാരുടെ നിത്യസാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നും ഐതീഹ്യം ഉണ്ട്.
മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രത്തില്‍ ശിവരാത്രിയാണ് പ്രധാന ഉല്‍സവം. കൂടാതെ ധനുമാസത്തിലെ തിരുവാതിരയും ചിങ്ങം ഒന്നും ആഘോഷിക്കുന്നു.
Comments
Post a Comment